ആവേശമായി യൂത്ത് ഇന്ത്യ ഇസ്ലാമിക്‌ ഫെസ്റ്റ് : അബ്ബാസിയ സോൺ ജേതാക്കൾ ആയി, ഫർവാനിയ സോൺ റണ്ണേഴ്‌സ് അപ്പ്‌ നേടി

കുവൈറ്റ് സിറ്റി: സര്‍ഗ്ഗ ശക്തി സമൂഹ നന്മക്ക് എന്ന പ്രമേയം ഉയര്‍ത്തി പിടിച്ചു കൊണ്ട് യൂത്ത് ഇന്ത്യ കുവൈറ്റ് ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി  സഹകരിച്ചു നടത്തിയ ഇസ്ലാമിക് ഫെസ്റ്റ് 2018 കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് ആവേശമായി മാറി. കൈത്താന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടിയില്‍ ആയിരത്തോളം കലാ പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. ഫഹാഹീല്‍, അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ എന്നീ സോണുകളായി തിരിച്ചു നടന്ന മത്സരങ്ങളില്‍ 215 പോയിന്റ് നേടി അബ്ബാസിയ കിരീടം നേടി. 203 പോയിന്റ് നേടി ഫര്‍വാനിയ സോണ്‍ റണ്ണേഴ്സ് അപ്പ് കിരീടം നേടി.  ഫഹാഹീല്‍, സാല്‍മിയ സോണുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ ഏറ്റു വാങ്ങി.

9 സ്റ്റേജുകളില്‍ ആയി 65 ഓളം മത്സരങ്ങള്‍ ഒരേ സമയം നടക്കുകയുണ്ടായി. ഗ്രൂപ്പ് മത്സര ഇനങ്ങളായ ഇസ്ലാമിക് സംഘ ഗാനം, കുട്ടികളുടെ മാര്‍ച്ചിങ് സോങ്ങ്, ഒപ്പന,  പുരുഷന്മാരുടെ കോല്‍ക്കളി, ഷൊര്‍ട്ട് ഫിലിം മത്സരം എന്നിവ തിങ്ങി നിറഞ്ഞ കാണികളില്‍ ആവേശം പകര്‍ത്തുന്നതായിരുന്നു. 4 സോണുകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഷൊര്‍ട്ട് ഫിലിം പ്രദര്‍ശനവും മെയിന്‍ സ്റ്റേജില്‍ നടന്നു.  പ്രളയത്തിന്റെയും പ്രവാസത്തിന്റെയും കഥ പറയുന്ന ഫര്‍വാനിയ സോണ്‍ ഒരുക്കിയ 'പ്ര' എന്ന ഷൊര്‍ട്ട് ഫിലിം ഒന്നാം സ്ഥാനം കരസ്ഥമാക്കി.  

 

 

സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍ ഒരുക്കിയ മാര്‍ച്ചിങ് സോങ്ങ് മത്സരത്തില്‍ ഫര്‍വാനിയ സോണ്‍ ഒന്നാം സ്ഥാനവും അബ്ബാസിയ ഫഹാഹീല്‍ സോണുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍ അവതരിപ്പിച്ച മനോഹരമായ ഒപ്പന മത്സരത്തില്‍ അബ്ബാസിയ, ഫഹാഹീല്‍ , ഫര്‍വാനിയ സോണുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ ആണ്‍കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന മത്സരത്തില്‍ അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ സോണുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. താളാത്മകമായ ചുവടുകള്‍ കോര്‍ത്തിണക്കി സോണുകള്‍ അവതരിപ്പിച്ച കോല്‍ക്കളി മത്സരങ്ങളില്‍ ഫഹാഹീല്‍ സോണ്‍ ഒന്നാം സ്ഥാനം നേടി. അബ്ബസിയ, ഫര്‍വാനിയ സോണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

ഓരോ വിഭാഗങ്ങളില്‍ നിന്നും പോയിന്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത വ്യക്തിഗത ചാമ്പ്യന്‍മാര്‍ ജന്റ്‌സ് വിഭാഗം: അബ്ദുല്‍ റഹീം എം എം (അബ്ബാസിയ സോണ്‍), ലേഡീസ്: സൗമ്യ സബീര്‍ (ഫഹാഹീല്‍ സോണ്‍), സീനിയര്‍ ബോയ്‌സ്: മിന്‍ഹാല്‍ താജുദ്ധീന്‍ (ഫഹാഹീല്‍ സോണ്‍), സീനിയര്‍ ഗേള്‍സ്: ഫാത്തിമ ഹനീന മുനീര്‍(അബ്ബാസിയ സോണ്‍), ജൂനിയര്‍ ബോയ്‌സ്: അബ്ദുള്ള ടി എം(അബ്ബാസിയ സോണ്‍), ജൂനിയര്‍ ഗേള്‍സ്: ആയിഷ തസ്ഫിയ മുനീര്‍(അബ്ബാസിയ സോണ്‍), സബ് ജൂനിയര്‍ ബോയ്‌സ്: ഇഹ്സാന്‍ ഫിറോസ് (ഫര്‍വാനിയ സോണ്‍), സബ് ജൂനിയര്‍ ഗേള്‍സ്: മര്‍വ അബ്ദുല്‍ റഹ്മാന്‍(അബ്ബാസിയ സോണ്‍), കിഡ്‌സ്: മെഹ്വിഷ്(ഫഹാഹീല്‍ സോണ്‍) .

 

 

വിജയികള്‍ കെ ഐ ജി പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ തുവ്വൂരില്‍ നിന്ന് ട്രോഫി ഏറ്റു വാങ്ങി. വ്യക്തിഗത ഇനങ്ങള്‍ ആയ ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ഹിഫ്‌ള്,  ബാങ്ക് വിളി എന്നീ മത്സരങ്ങള്‍ക്ക് കുവൈറ്റ് യൂണിവേഴ്‌സിറ്റി പ്രമുഖരും മറ്റു പരിപാടികള്‍ക്ക് കുവൈറ്റിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്ന ജഡ്ജിങ് പാനല്‍ ആണ് ഓരോ മത്സരങ്ങളിലെയും വിജയികളെ തിരഞ്ഞെടുത്തത്. വിവിധ സ്റ്റേജുകളില്‍ നടക്കുന്ന പരിപാടികളും അവയുടെ സ്റ്റാറ്റസും റിസള്‍ട്ടും മത്സരാര്‍ത്ഥികള്‍ക്ക് അറിയാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.  യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.  കെ ഐ ജി ശൂറാ അംഗങ്ങള്‍, കെ ഐ ജി മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഐവ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.

Share this: