ഖുര്‍ആനിന്റെ ഉള്ളടക്കം മനസ്സിലാക്കാത്തവര്‍ക്ക് നന്മ തിന്മകളെ വേര്‍തിരിച്ചു അറിയാന്‍ സാധിക്കില്ല: സമദ് കുന്നകാവില്‍

ഫര്‍വാനിയ: പരിശുദ്ധ ഖുര്‍ആനിനെ യഥാവിധി മനസ്സിലാക്കാത്തവര്‍ക്ക് ജീവിതത്തില്‍ വന്നു ഭവിക്കാന്‍ സാധ്യതകളെ തിരിച്ചറിയാന്‍ സാധിക്കുകയില്ല എന്ന് സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. മനുഷ്യന്‍ അധ്വാനിക്കുന്നത് ആത്മ സംതൃപ്തി നിറഞ്ഞ ഒരു ജീവിതം ലഭിക്കുവാന്‍ വേണ്ടിയാണ്. പക്ഷേ, മനുഷ്യന്‍ മനസ്സിലാക്കിയത് ഈ ആത്മ സംതൃപ്തി ലഭിക്കണമെങ്കില്‍ തനിക്ക് സമ്പത്ത് ആവശ്യമാണ് എന്നാണ്.  അങ്ങനെ മനുഷ്യന്റെ ലക്ഷ്യം ആത്മ സംതൃപ്തി ലഭിക്കുക എന്നതിനപ്പുറം സമ്പത്ത് ധാരാളം ഉണ്ടാക്കുക എന്നതില്‍ വഴിമാറി ഖുര്‍ആനിക നിയമങ്ങള്‍ പോലും ജീവിതത്തില്‍ പാലിക്കുവാന്‍ മനുഷ്യന്‍ തയ്യാറാവാത്ത നില വന്നു എന്നും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. 

'ഖുര്‍ആന്‍ തേടുന്ന യുവത' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് നടത്തി കൊണ്ടിരിക്കുന്ന ക്യാമ്പയിന്‍ന്റെ ഭാഗമായി യൂത്ത് ഇന്ത്യ ഫര്‍വാനിയ അബ്ബാസിയ സോണുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല പാരായണത്തില്‍ നിന്ന് മാറി ഖുര്‍ആന്‍ പൂര്‍ണമായ ഉള്ളടക്കം മനസ്സിലാകുന്നവര്‍ക്ക് നന്മ തിന്മകളെ വേര്‍തിരിക്കാന്‍ സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരാധനകള്‍ അതിന്റെ ആത്മാവില്‍ നിര്‍വഹിക്കണമെന്ന് യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡന്റുമായ ജനാബ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ആരാധനകള്‍ അതിന്റെ ചൈതന്യത്തോടെ നിര്‍വഹിക്കുവാന്‍ ആത്മാവില്‍ നിന്ന് നിര്‍വഹിക്കുമ്പോഴാണ് സാധിക്കുന്നത് എന്നും. ആരാധനകള്‍ കൊണ്ടുള്ള പ്രയോജനം ലഭിക്കുവാന്‍, കേവലം യാന്ത്രികമായി ചെയ്യുന്നതിനു പകരം ഓരോ ആരാധനയുടെയും ആത്മാവ് കൂടി ഉള്‍കൊണ്ട് കൊണ്ട് ചെയ്യുമ്പോള്‍ മാത്രമാണ് അത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ള ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

കെ.ഐ.ജി  വൈസ് പ്രസിഡന്റും പ്രമുഖ വാഗ്മിയുമായ  ജനാബ് ഫൈസല്‍ മഞ്ചേരി സമാപന പ്രഭാഷണം നിര്‍വഹിച്ചു. കെ. ഐ.ജി കേന്ദ്ര ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ്, വെസ്റ്റ് മേഖല പ്രസിഡണ്ട് പി.ടി. ശരീഫ്, യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഷഫീര്‍ അബൂബക്കര്‍, സോണല്‍ കണ്‍വീനര്‍മാരായ മുഹമ്മദ് ഫഹീം, നയീം എന്നിവര്‍ സംമ്പന്ധിച്ചു.  സിജില്‍ ഖിറാഅത് നടത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ   അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡനടും പ്രോഗ്രാം   കണ്വീനരുമായ   മുഹമ്മദ്   ഹാരൂണ്‍ സ്വാഗത പ്രഭാഷണം നിര്‍വഹിച്ചു.

Share this: