നികുതി പരിഷ്‌കരണത്തിന് പിന്നിലെ കോര്‍പ്പറേറ്റ് അജണ്ടകള്‍ ചര്‍ച്ചയാവണം ജി.എസ.ടി സെമിനാര്‍

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് 'GST: നാം അറിയേണ്ടത്' എന്ന തലക്കെട്ടില്‍ അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിച്ചു.  സാമ്പത്തിക വിദഗ്ദ്ധനും  സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമായ പി.പി അബ്ദുല്‍ റസാക്ക് ജി.എസ്.ടി യിലെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിച്ചു. പല രാഷ്ട്രങ്ങളിലും  ഏകീകൃത നികുതി സമ്പ്രദായം ഏറെ കുറെ വിജയകരമായി നടക്കുന്നുണ്ടെന്നത് ശരിയാണ്. അതിന് കാരണം ആ നാടുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നതും, ഈടാക്കുന്ന നികുതി 6 മുതല്‍ 18 ശതമാനം വരെ മാത്രമാണെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് 27 ശതമാനം മുതലാണ് ഇപ്പോള്‍ ഈടാക്കി വരുന്നത്. കൂടാതെ  ഇന്ത്യയെ പോലുള്ള അതിഭീമമായ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സാധാരണക്കാരനെ ഇതെങ്ങനെ ബാധിക്കും എന്നത് സുപ്രധാനമായ ചോദ്യമാണെന്നും അദ്ധേഹം സൂചിപ്പിച്ചു. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ മേല്‍ നേരിട്ടുള്ള കണ്ട്രോള്‍ ഉണ്ടാക്കാനുള്ള ഒരു മാര്‍ഗം എന്ന നിലക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നതെന്നും, ഉല്‍പാദക സംസ്ഥാനങ്ങളേക്കാള്‍ ഉപഭോക്തൃ  സംസ്ഥാനത്തിന് ജി.എസ്.ടിയുടെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ ഇന്ത്യയില്‍ ഉല്‍പാദനം കുറയാന്‍ കാരണമാകുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. നികുതി പരിഷ്‌കരണത്തിന്റെ പിന്നിലെ കോര്‍പ്പറേറ്റ് അജണ്ടകള്‍ ചര്‍ച്ചയാവണമെന്നും  അദ്ധേഹം ഉണര്‍ത്തി. 'ജി.എസ്.ടി: നാം അറിയേണ്ടത്' എന്ന തലക്കെട്ടില്‍ ജി.എസ്.ടി എന്താണെന്നും, അതിനു കീഴില്‍ വരുന്ന ഉത്പന്നങ്ങള്‍ എന്തൊക്കെയാണെന്നും, ജി.എസ്.ടി വരുന്നതിനു മുന്‍പും വന്നതിനു ശേഷവും ഈ ഉത്പന്നങ്ങള്‍ക്ക് വന്ന വില വ്യത്യാസവും  പ്രസന്റേഷന്‍ സഹായത്തോടെ പി.കെ. മനാഫ് അവതരിപ്പിച്ചു. സദസ്യരുടെ സംശയങ്ങള്‍ക്ക് പി.പി അബ്ദുല്‍ റസാക്കും, പി.കെ മനാഫും മറുപടി നല്‍കി. യൂത്ത് ഇന്ത്യ പ്രസിഡണ്ട് നജീബ് സി.കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സാമൂഹിക വിഭാഗം വകുപ്പ് കണ്‍വീനര്‍ മുഹമ്മദ് ഹാറൂണ്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം നയീം ഖിറാഅത്തും നടത്തി.

Share this: