ബിസിനസ് സാധ്യതകളുടെ വാതില്‍ തുറന്ന് യൂത്ത് ഇന്ത്യ സംരംഭകത്വ പരിശീലനം

കുവൈത്ത് സിറ്റി: സാധാരണക്കാരായ പ്രവാസി മലയാളികള്‍ക്ക് വിജയകരമായ രീതിയില്‍ നടപ്പാക്കാന്‍ പറ്റുന്ന ഒട്ടനേകം ചെറുകിട സംരംഭങ്ങളെ പരിചയപ്പെടുത്തി യൂത്ത് ഇന്ത്യ കുവൈത്ത് സംരംഭകത്വ പരിശീലനം സംഘടിച്ചിച്ചു. കേരളമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തി. ചെറുതും വലുതുമായ നിരവധി ബിസിനസ് സാധ്യതകളിലേക്ക് വെളിച്ചം വീശിയ പരിപാടി നിക്ഷേപ മേഖലയില്‍ കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും പ്രാഥമിക ധാരണകളും നല്‍കുന്നതായി. ഖൈത്താന്‍ രാജധാനി പാലസില്‍ നടന്ന പരിശീലനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നോഡല്‍ ഓഫിസറും എന്റര്‍പ്രണര്‍ഷിപ് ട്രെയിനറും സോളിടാരിടറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡോ. വി.എം. നിഷാദ് ക്‌ളാസ് നയിച്ചു. വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് ബിസിനസ് രംഗത്ത് വിജയം കൈവരിച്ച നിരവധി പേരെ പ്രസന്റേഷനില്‍  പരിചയപ്പെടുത്തി.

ഭക്ഷ്യസംസ്‌കരണവും വിപണനവും, ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി, ഫാമിങ്,ഫിഷറീസ്, അക്വാട്ടിക് ടെക്‌നോളജി, കയര്‍ ഉല്‍പന്നങ്ങള്‍, നിര്‍മാണമേഖല, മെറ്റീരിയല്‍,ഇലക്ട്രിക്കല്‍ഇലക്ട്രോണിക്കല്‍ മേഖലകളില്‍ നവീനാശയങ്ങളും ബന്ധപ്പെട്ട മേഖലയില്‍ പരിശീലനവും നല്‍കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് വിവരിച്ചത് ഉപകാരപ്രദമായി. നിക്ഷേപ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് ആവശ്യമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ചും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയമവശങ്ങളും അവതരിപ്പിച്ചു. സംരംഭകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങളും വിവിധ സാമ്പത്തിക സ്രോതസ്സുകളുടെ ഗുണദോഷങ്ങളും വ്യക്തമാക്കി. 

സംരംഭങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നവര്‍ക്ക് തുടര്‍ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വിവിധ മേഖലകളില്‍ സഹായിക്കാന്‍ സന്നദ്ധതയുള്ള വ്യക്തികളുമായി ബന്ധപ്പെടുത്താനും ഡോ. നിഷാദ് സഹായ വാഗ്ദാനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിടണ്ട് സീ.കെ നജീബ് അധ്യക്ഷത വഹിച്ച പരിപാടി  ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡി അയൂബ് കേച്ചേരി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിടണ്ട് ഫൈസല്‍ മഞ്ചേരി ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പരിപാടിയുടെ കണ്‍വീനര്‍ മേഹനാസ് മുസ്തഫ സ്വാഗതം പറഞ്ഞു. യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അബ്ദുല്‍ ബാസിത്, ഹാരിസ് ഇസ്മായില്‍, ഹസീബ്, നയീം, ഷഫീര്‍ എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി.

Share this: