ഐ.എസ് ശ്രമിക്കുന്നത് ഇസ്‌ലാമിനെ തകര്‍ക്കാന്‍ : സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍

ഖിലാഫത്ത് സ്ഥാപിക്കാനെന്ന പേരില്‍ ഇസ്‌ലാമിനെ തകര്‍ക്കാനാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ശ്രമിക്കുന്നതെന്ന് കെ.ഐ.ജി ആക്ടിംഗ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ പറാഞ്ഞു. 'ഇസ്‌ലാം: തീവ്രതക്കും ജീര്‍ണതക്കും മധ്യേ' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ കുവൈത്ത് ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഐ.എസിന് പിന്നില്‍ സാമ്രാജ്യത്വ ഗൂഢാലോചന ഉണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. സന്തുലിത ജീവിത വ്യവസ്ഥയായ ഇസ്‌ലാമില്‍ തീവ്രതക്ക് സ്ഥാനമില്ല. സ്വയം പ്രഖ്യാപിത ഖലീഫയെ നിശ്ചയിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ഐ.എസ് മനുഷ്യസമത്വം, വിശ്വാസ സ്വാതന്ത്ര്യം, ക്ഷേമ രാഷ്ട്രം, നീതി തുടങ്ങിയ ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്നു. ഭരണകൂടങ്ങളും മാധ്യമങ്ങളും ഇസ്‌ലാമിന് മേല്‍ ഭീകരമുദ്ര ചാര്‍ത്തുമ്പോള്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം സമൂഹത്തിന് വ്യക്തമാക്കിക്കൊടുക്കാന്‍ ബാധ്യസ്ഥരായ സമുദായത്തിലെ ഒരു വിഭാഗം അതിരുകവിഞ്ഞ ആത്മീയതയുടെ പേരില്‍ കാടുകയറുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവാദപ്പെട്ട പാര്‍ലമെന്റംഗങ്ങള്‍വരെ വിഷംവമിക്കുന്ന വാക്കുകളിലൂടെ മതത്തിന്റെ പേരില്‍ പൗരന്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, വര്‍ഗീയ ധ്രുവീകരണത്തെ സൗഹൃദം കൊണ്ട് ചെറുത്തു തോല്പിക്കേണ്ട ഉത്തരവാദിത്തം മുസ്‌ലിമിംകള്‍ക്കുണ്ടെന്ന് അധ്യക്ഷ പ്രസംഗം നിര്‍വഹിച്ച യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ നജീബ് പറഞ്ഞു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത് ഖിറാഅത്ത് നിര്‍വഹിച്ചു. ഹാറൂണ്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഷാഫി കോയമ്മ, കെ.ഐജി ജനറല്‍ സെക്രട്ടറി പി.ടി ശരീഫ്, വൈസ് പ്രസിഡന്റ് കെ.എ സുബൈര്‍, വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ്, ഈസ്റ്റ് മേഖല ആക്ടിങ്ങ് പ്രസിഡന്റ് റഫീഖ് ബാബു എന്നിവര്‍ സംബന്ധിച്ചു.

Share this: