പ്രതീക്ഷ നല്‍കി യൂത്ത് ഇന്ത്യ സംരംഭകത്വ ശില്പ്പശാല 2.0

കോവിഡാനന്തര കേരളത്തിലെ സംരംഭകത്വ/ബിസിനസ്സ് സാധ്യതകള്‍ എന്ന തലക്കെട്ടിലല്‍ ഓണ്‍ലൈനില്‍ യൂത്ത് ഇന്ത്യ കുവൈത്ത് നടത്തിയ രണ്ടാമത്തെ സംരംഭകത്വ  ശില്പ്പശാല സംരംഭകര്‍കും സ്വന്തമായൊരു സ്ഥാപനം എന്ന സ്വപ്നം കൊണ്ടുനടക്കുന്ന ആളുകള്‍കും വലിയ പ്രതീക്ഷ നല്‍കി. സാധാരണക്കാരായ  പ്രവാസി മലയാളികള്‍ക്ക്  വിജയകരമായ രീതിയില്‍  നടപ്പാക്കാന്‍ പറ്റുന്ന  ഒട്ടനേകം സംരംഭങ്ങളെ  പരിപാടിയില്‍ പരിചയപ്പെടുത്തി. കേരളമുള്‍പ്പടെ  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തി. ചെറുതും വലുതുമായ നിരവധി ബിസിനസ്സ്  സാധ്യതകളിലേക്  വെളിച്ചംവീശിയ  പരിപാടി  നിക്ഷേപ  മേഖലയില്‍  കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്  ആത്മവിശ്വാസവും  പ്രാഥമിക ധാരണകളും നല്‍കി. കേരളത്തില്‍ സംരംഭകത്വത്തിനുള്ള സാധ്യതകളെ കുറിച്ചും അതിനു സഹായകമാകുന്ന സംവിധാനങ്ങളെ കുറിച്ചും പരിശീലനത്തില്‍  കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍ നോഡല്‍ ഓഫീസറും എന്റര്‍പ്രണര്ഷിപ്  ട്രെയ്‌നറുമായ ഡോ. നിഷാദ്  വിശദമായി തന്നെ സംസാരിച്ചു.


ഭക്ഷ്യസംസ്‌കരണവും വിപണനവും, ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി, ഫാമിംഗ്, ഫിഷെറീസ്, അക്വാട്ടിക് ടെക്‌നോളജി, കയര്‍ ഉല്‍പന്നങ്ങള്‍, നിര്‍മാണമേഖല, മെറ്റീരിയല്‍, ഇലെക്ട്രിക്കല്‍ ഇലക്ട്രോണിക്കല്‍ മേഖലകളില്‍ നവീന ആശയങ്ങളും ബന്ധപ്പെട്ട മേഖലയില്‍ പരിശീലനവും നല്‍കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് വിവരിച്ചത് ഉപകാരപ്രദമായി. കോവിഡാനന്തര കാലത്തെ വിദ്യാഭ്യാസ, ആരോഗ്യ സേവന മേഖലയിലെ സാധ്യതകളെ കുറിച്ചും വിശദമാക്കി. നിക്ഷേപ രംഗത്തേക്ക് കടന്നു വരുന്നവര്‍ക്ക് ആവശ്യമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ചും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആവിശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയമ വശങ്ങളും അവതരിപ്പിച്ചു. സംരംഭകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങളും വിവിധ സാമ്പത്തിക സ്രോതസുകളുടെ ഗുണദോഷങ്ങളും വ്യക്തമാക്കി. സംരംഭങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നവര്‍ക്ക് തുടര്‍ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.


കുവൈറ്റ്, യു എ ഇ, ബഹ്‌റൈന്‍, സൗദി, ഖത്തര്‍, ഒമാന്‍, കേരളമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുമായി സൂം വഴി ലൈവ് ആയിട്ട് 190 പേര്‍ പരിപാടിയില്  പങ്കെടുത്തു. ഫെയിസ്ബുക്ക് ലൈവിലൂടെയും നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കുകൊണ്ടു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ഉസാമ അബ്ദുല്‍ റസാഖ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഹശീബ് ചോദ്യോത്തര സെഷന്‍ മോഡറേറ്റ് ചെയ്തു.  വൈസ് പ്രസിഡന്റ് മെഹ്നാസ് മുസ്തഫ സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫഹീം നന്ദിയും പറഞ്ഞു.

Share this: